Tuesday, May 19, 2015

ഏറ്റെടുക്കല്‍

                           
  ഈ രാവെനിക്ക് സ്വന്തം...
എന്റെ ഗദ്ഗദങ്ങൾ നനുത്ത കാറ്റിനു 
മാത്രം സ്വന്തം...


മഴയുടെ തണുപ്പ് മരവിപ്പിക്കുന്ന  
ഈ വേളയിൽ എന്റെ കണ്ണുകൾ എനിക്കു 
സ്വന്തമല്ലാ...


അവയേതോ അഗാധ ഗർത്തത്തിൽ  
അമര്ന്നു പോയിരിക്കുന്നു...
എന്നെ രാവിന്റെ തോഴൻ ഏറ്റെടുത്തിരിക്കുന്നു..! വെളുത്ത പൂവ്‌

                                   ഒരു പുലർവേളയിൽ ജനൽപാളി തുറന്ന് അതവളെ  എത്തിനോക്കി
ഒരു ചെറു മഴത്തുള്ളി അതിന്റെ കവിളില് തൊട്ടിരുന്നു ....

പുലരിയുടെ മടിത്തട്ടിൽ അതങ്ങനെ ആടിക്കളിച്ചു
അത് അവളോടു  ചിരിക്കുന്നുവോ..??

മെല്ലെയവൽ അതിന്റെ നേർക്കു കൈനീട്ടി,
ഒരു ഭ്രമം..!!

എന്നാലാ നിര്മല മേനി കൈപ്പിടിയിൽ ഒതുങ്ങിയില്ല
അവൾ പുരികം ചുളിച്ചു...

നീട്ടിയ കയ്യിൽ മഴതുള്ളിയെ ഇറ്റിച്ചു കൊടുത്തപ്പോൾ    
അവൾ പുഞ്ചിരിച്ചു...!

സൂര്യകിരണം അതിനെ കുളിപ്പിച് എടുത്തപ്പോൾ   
ആ വെളുത്ത പൂവ് അവളുടെ മുഖത്ത് ചുവപ്പ് തൊട്ടുകൊടുത്തു !!


അഭിസാരിക

                             
ഇതെന്റെ നാമമാണ്,ഇരുട്ടിലഴിയുന്ന എന്റെ ചേലകൾ, 
എനിക്ക് തന്ന നാമം..!

അകത്തളത്തില് അവരെന്നെ സ്നേഹിച്ചു,
പുറത്തേക് ഓടിയപ്പോൾ  കല്ലെറിഞ്ഞു..!

എല്ലാ കണ്ണുകളും നീണ്ടത് എന്റെ വിളറിയ 
കണ്ണുകളിലേക്ക് അല്ലായിരുന്നു..,

ചോര പൊടിഞ്ഞ എന്റെ മേനിയിലേക്കായിരുന്നു..
അതിലവര് കണ്ടതോ..നാല് നാളത്തെ പട്ടിണിയോ,

പത്തു പേരുടെ നഖ ക്ഷതങ്ങളോ അല്ല,
വെളുത്ത തൊലിയിലെ തുടിക്കുന്ന പെണ്ണിന്റെ അഴക്‌..!

എന്റെ നെഞ്ഞിടിപ്പിൽ അവർ  കണ്ടത് പ്രാണന്റെ  തുടിപ്പല്ല,
ഉയര്ന്നുതാഴുന്ന മാറിടങ്ങളുടെ അഴകളവ് മാത്രം..!

എന്റെ കെഞ്ചിയുള്ള കരച്ചിൽ, 
അവർ അവരുടെ കൈവെള്ളയിൽ അമര്ത്തി..

പിറ്റേന്ന് പുലരിയിൽ  ഒരഴുക്കുചാലിൽ ഞാൻ ഒഴുകി..
ആരുമെന്നെ തൊട്ടില്ല...കാരണം ഞാനൊരു അഭിസാരികയത്രേ....!!

Monday, May 18, 2015

എന്നും

                                

      

ഇന്നുമെൻ രാത്രികൾ നിനക്കായ് കൊതിക്കുന്നു
നിദ്രയെൻ കണ്ണിന്റെ പടിവാതിലിൽ അറച്ചു നില്പ്പാണ്‌
ഒരുപിടി ഓർമ്മകൾ മാത്രമെനിക്കു സ്വന്തം
അവയെല്ലാം കനലെരിയുന്ന വഴിയിലെ 
അഗ്നി ഗോളങ്ങൾ മാത്രം..

നിന്റെയാദ്യ ചുംബനം നീയോർക്കുന്നുവോ..?

ഇല്ലാ..നിനക്ക് എന്നെക്കുറിച്ചുള്ള  ഓർമ്മകൾ  
നെരിപ്പോടിൽ എരിയുന്ന 
കടലാസുപൂവുകൾ മാത്രം..

എങ്കിലും നീയറിയുക...അവയെന്റെ മാറിൽ  
ഒരു കൊച്ചുപക്ഷിയായ് 
നിന്നെയും കാത്തിരിക്കുന്നു...
നിന്റെ വഴികളെന്റെ കണ്ണിൽ 
അവസാനിക്കുന്നതല്ല എന്നറിയാമെങ്കിലും.....!

നീ എന്നെക്കുറിച്ച്‌ അറിഞ്ഞതെല്ലാം നുണകൾ മാത്രം...
എന്റെ കണ്ണുകളെ കബളിപ്പിച്ച്‌ 
അവ നിന്റെ കണ്ണുകളെ കീഴടക്കി...
അതിനു ഞാൻ മാത്രമോ ഉത്തരവാദി.....?

ഇന്നത്തെയീ ഞാൻ  നിഴൽ  നഷ്ടപ്പെട്ടവൾ...
അതികായമായ  ആത്മാവിനെ 
ദൂരേക്ക് എറിയുന്നവൽ...
ഇതെന്റെ വിഭ്രാന്തിയാണ്.....

എന്നു നീയെന്നെ അറിയും...?
പറയാം...

ഒരു ദിനം ഞാനെന്റെ ശ്വാസത്തെ 
ഒഴുകുന്ന കാറ്റിൽ അലിയിക്കും...
അത് നിന്റെ ശ്വാസത്തിൽ അമരുന്ന  വേളയിൽ
നീ എന്നെ അറിയും.....!!!

അറിഞ്ഞ ഭാവം നീ നടിചില്ലെങ്കിലും  
ഏകാന്തമായ നിന്റെ രാത്രികളിൽ 
നിന്റെ  ശ്വാസത്തിന്റെ മറു ശ്വാസമായി 
അത് നിന്നിലലിയും.....!!!
എന്നും...!!!  


അകം പുറം


                                                                                                                                          അയാൾ അക്ഷമനായി കാത്തുനിന്നു........."കാണുന്നില്ലല്ലോ....വന്നിട്ടിപോൾ അരമണിക്കൂറിൽ ഏറെയായി..."ഇന്നിനി വന്നില്ലെങ്കിലോ എന്ന ചിന്തയിൽ അയാൾ  പോകാൻ തുടങ്ങി.........

അപ്പോഴാണ്‌ അയാൾ കണ്ടത്.....ചക്രവാളത്തിൽ മറയുന്ന സൂര്യനെ നോക്കികൊണ്ട് വികാരമേതുമില്ലാത്ത നിറവയറുമായി നടന്നു വരുന്ന അവളെ.....!

പതിവുപോലെ അവളുടെ കൂടെ ഇന്നും ആ യുവതി ഉണ്ടായിരുന്നു...

ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളുടെ വീർത്ത വയർ സ്വതന്ത്രമാകുമെന്ന് അയാള് ഊഹിച്ചു......

സത്യത്തിൽ അയാൾ ഈയിടെയായി ബീച്ചിൽ വരുന്നതൊരു പതിവാക്കിയത് ആ പെണ്‍കുട്ടിയെ കാണാൻ വേണ്ടി മാത്രമായിരുന്നു.....രണ്ടാഴ്ച....ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അയാളെ അവളിലേക്ക്  വലിച്ചടുപ്പിച്ചത് ആ മുഖത്ത് കളിയാടിയിരുന്ന നിർവികാരതയായിരുന്നു ...!

അയാളിലെ വിഷയം തേടിയലയുന്ന കഥാകൃത്തിനു അവളൊരു കച്ചിതുരുംബായിരുന്നു ....അയാളുടെ മനസ്സിൽ ദിവസങ്ങളായി അവൾ കയറി കൂടിയിട്ട് ......

അബലയായ, ചഞ്ചല ചിത്തയായ ഒരു പെണ്ണ്......അതായിരുന്നു അവളിലൂടെ അയാൾ സ്വന്തമാക്കിയ നായികാ കഥാപാത്രം....അവളുടെ സീമന്തരേഖ ശൂന്യമായിരുന്നു....!

അയാൾക്കത് മതിയായിരുന്നു.....ദിവസങ്ങളായി അടച്ചിട്ട മുറിയിൽ ഇരുന്നു ചിന്തകളെ ചൂടുപിടിപ്പിക്കാൻ ശ്രമിച്ച് അവശനായപ്പോഴാണ് അയാൾ ചലിക്കുന്ന ജീവിതങ്ങളുടെ ദൈന്യത തേടി ഇറങ്ങിയത്‌...!

ആ വേളയിലാണ് അവൾ കണ്മുൻപിൽ വന്നുപെട്ടത്...മറിച്ചൊന്നും ചിന്തിക്കാതെ അയാൾ എഴുതിത്തുടങ്ങി......കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവളൊരു കുഞ്ഞിനു ജന്മം നല്കുമെന്ന മുഖവുരയോടെ....!

അവളുടെ നിർവികാരമായ കണ്ണുകൾക്ക്‌ പിറകിൽ മറഞ്ഞിരിക്കുന്ന കഥയുടെ ചുരുളഴിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു....പല സാധ്യതകൾ ഉണ്ടെന്നിരിക്കെ ആരാലോ വഞ്ചിക്കപ്പെട്ട ഒരു പെണ്‍കിടാവിന്റെ വിലാപം അയാൾ  കഥാതന്തുവാക്കി .....

അവളുടെ മനസ് സഞ്ചരിച്ച വഴികൾ അയാൾക്ക്‌  മനപ്പാഠം ആയിരുന്നു.....!തുറന്നുള്ള ഒരു എഴുത്തിന്  അയാൾ മടിച്ചില്ല....ദിവസങ്ങൾ കടന്നു പോകവേ അയാളുടെ വാക്കുകൾ കൂടുതൽ ശക്തിയാർജിച്ചു ......

"പുറത്തേക്കു കണ്ണും നട്ട് അവൾ ആ പാൽക്കുടം തന്റെ കുഞ്ഞിന്റെ ചുണ്ടിനോട് ചേർത്തുവച്ചു .....തന്റെ ലോകം തന്നിലേക്ക് ഇഴുകിചേരുന്നത് അവൾ അറിഞ്ഞു......!ഒരു ചെറു പുഞ്ചിരിയോടെ അവൾ അതിനെ സ്വീകരിച്ചു...!"അയാൾ  എഴുതി നിർത്തി ..!!

അപ്പോൾ  അയാളുടെ നായിക അവളുടെ കുഞ്ഞിന്റെ വിശപ്പടക്കിയ ശേഷം ആ ജീവനെ അതിന്റെ അവകാശികൾക്ക് കൈമാറുകയായിരുന്നു....!പകരം അവൾക്കു ലഭിച്ചതോ  9 മാസത്തേക്കുള്ള വാടകയും ...!

ഇനിയവൽക്കു വേണ്ടത് ഒരു ഇടവേളയാണ്....അടുത്ത ജീവനെ പേറാൻ അവളുടെ ശരീരത്തെ, അവളുടെ ഗർഭപാത്രത്തെ സജ്ജമാക്കാനുള്ള ഒരു ഇടവേള....!!


                                                 
Saturday, May 16, 2015

മഴ

                                      


                                                                                                              "തന്റെതല്ലാത്ത കാരണങ്ങളാൽ  വിവാഹ ബന്ധം വേര്പ്പെടുത്തിയ...................." തലേന്നത്തെ പത്രത്തിലെ മാട്ട്രിമൊനിയൽ പരസ്യത്തിൽ  കണ്ടത്   എന്റെ കണ്ണിൽ   നിന്നും മായുന്നില്ല.....ശരിയാണ്.....ഈ വേര്പിരിയലിന്റെ കാരണങ്ങൾ അവന്റെതല്ല...എല്ലാം എനിക്ക് മാത്രം സ്വന്തം....!!

പുറത്ത് ആര്തിരമ്പി പെയ്യുന്ന മഴയുടെ കിണുങ്ങൾ  കൂടിവന്നു...... എന്റെ കാതിൽ അവന്റെ ശബ്ദം ഏതാതിരിക്കാൻ അതെന്നെ സഹായിക്കുന്നതാകും...ഇല്ലാ..ആ വാക്കുകൾ  എന്റെ കാതിൽ ഇന്നും അലയടിക്കുന്നു....

"കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ ...ഏറിയാൽ നാലോ അഞ്ചോ വര്ഷം....അത്ര നാളേ റൊമാൻസ് മാത്രമായി കഴിഞ്ഞു കൂടാൻ പറ്റൂ...അത് കഴിഞ്ഞാൽ  ജീവിക്കാനുള്ള ഒരു കാരണം.....അത്......അതൊരു കുഞ്ഞാണ്.....എന്നോടൊന്നും തോന്നരുത്....."

"പ്രാക്ടികൾ ആയി ചിന്തിച്ചാൽ നിനക്ക് മനസിലാക്കാനാകും.....സമ്മതിച്ചു,വീടുകാരുടെ എതിര്പ്പ് ഉണ്ടായിട്ടു പോലും എന്റെ കൂടെ ഇറങ്ങി വന്നവളാണ്  നീ.....പക്ഷേ........." അവന്റെ വാക്കുകൾ മുറിഞ്ഞത് വികാരത്തിന്റെ തിരതള്ളൽ കൊണ്ടാണെന്ന് എന്റെ ആത്മാവ്  എന്നെ വിശ്വസിപ്പിക്കാൻ ഏറെ ശ്രമിച്ചെങ്കിലും തോറ്റു പോയി.....!

എങ്കിലും ഇറങ്ങുന്നതിനു മുന്പ് രണ്ടു വാക്കുകള് പറയാൻ അവൻ മറന്നില്ല...."ഞാൻ പ്രാർഥിക്കാം ഇങ്ങനെയൊന്നും ചിന്തിക്കാത്ത ഒരാള് അഭിരാമിയുടെ ജീവിതത്തിലേക്ക് വരാൻ......."    ആഹ്  അഭിരാമി......ഞാനെന്റെ യഥാർത്ത നാമം ഓര്ക്കുന്നു......

"ആമീ......." മഴയുടെ കംബനങ്ങൾക്ക് ചെവി കൊടുക്കാതെ.....അവന്റെ ചെറു ചൂടുള്ള നെഞ്ചിൽ എന്റെ കവിള് ചേർത്ത് വച്ച് കിടക്കുമ്പോൾ അവന്റെ നിശ്വാസം എന്റെ ശിരസ്സിൽ പെയ്തിറങ്ങി....."ഉം.." ഞാൻ മൂളി....."എത്ര പേരെ  വേണം..??"

"എന്ത്..??" ഞാൻ മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു...എന്റെ മുഖമവൻ  കണ്ടില്ല...എന്നിട്ടും ആ ചുവപ്പ് അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരിക്കണം...."ഓ....എന്റെ മോള്ക്ക് ഒന്നും അറിയില്ല്യാലെ.......ശരി ഞാൻ പറഞ്ഞു തരാല്ലോ..."

"ആദീ.....വേണ്ടാട്ടോ....ആഹ് ..."  "വേണ്ടാന്നോ എന്ത്..??ഞാൻ ഒന്നും പറഞ്ഞില്ല്യാലോ....മോളെന്താ  ഉദ്ദേശിച്ചേ...?ഏ ...?"
അവന്റെ കുസൃതിചിരിയിൽ എന്റെ ചിണുങ്ങൽ  അലിഞ്ഞു ചേര്ന്നു.....

 മഴത്തുള്ളികൾ മണ്ണിൽ ഊർന്നിറങ്ങി .....ഓരോ തുള്ളിയും ലജ്ജ വെടിഞ്ഞ് അതിനെ മണ്ണിനു സമര്പ്പിച്ചു........

എന്നാൽ എല്ലാം മാറിമറിയുകയായിരുന്നു......ആ ദിവസം.....
"സോറി..മിസ്റ്റർ ആദിത്യൻ.....നിങ്ങളുടെ വൈഫ്‌ അമ്മയാകില്ല...."ഡോക്ടറുടെ വാക്കുകൾ എന്റെ കാതിൽ ഇടിമിന്നൽ കണക്കെ പാഞ്ഞു കയറി......

 കണ്ണീർ പാടക്ക് അപ്പുറം ഞാൻ കണ്ടു.....ആദിയുടെ കൈകൾ വിറക്കുന്നത്‌ ..

"ആദീ...."എന്റെ കരച്ചിൽ  തൊണ്ടയിൽ കുരുങ്ങി....ഇല്ല ഒന്നും മിണ്ടുന്നില്ല....എങ്ങനെ സാധിക്കും.....സ്വപ്‌നങ്ങൾ നൂൽ  പൊട്ടിയ പട്ടം കണക്കെ വിദൂരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.....

അന്ന് മുതൽ ഞാൻ കണ്ടു....എനികപരിചിത്നായ ഒരു  ആദിയെ...സീമന്ത രേഖയിൽ ഞാൻ തൊടുന്ന സിന്ദൂരം അതിന്റെ അവകാശിക്ക് മുൻപിൽ  കേണു.....അവൻ കേട്ടില്ല.......

വിവാഹമെന്ന കരാറിന്റെ കാലാവധി അങ്ങനെ എനിക്ക് മുൻപിൽ നിന്ന് ചിരിച്ചു....എനിക്ക് പോകാനയെന്ന മട്ടിൽ ....

അതെ.......ഇതാണ് സത്യം ......സത്യത്തെ സ്വീകരിക്കാൻ ഞാൻ  മടിക്കുമ്പോൾ   ഇത്ര നാളത്തെ ഈ കരാറിന്റെ പാലനം എനിക്ക് തന്ന ലാഭ വിഹിതമായ ഈ വീട് അതിന്റെ തെളിവായി എന്റെ അശക്തമായ എതിര്പ്പുകളെ വെല്ലുവിളിച്ചു തോല്പ്പിചിരിക്കുന്നു..!

അവൻ പോയ വഴിയെ എന്റെ കണ്ണുകൾ പിന്നെയും എന്തിനാണ് പായുന്നത്...????എനിക്കറിയില്ല......ഇല്ല...അവനെ ഓർക്കാൻ എനിക്കിനി താല്പര്യമില്ല.......

മഴയുടെ ആർത്തനാദം മാത്രമാണ് ഇപ്പോൾ കാതിൽ........എന്റെ പാദങ്ങൾ  ഞാനറിയാതെ ചലിച്ചു......

മഴയെന്നെ തൊട്ടിരിക്കുന്നു.....അല്ല...ഞാൻ മഴയെ പുണർന്നു ......കണ്ണുകൾ ഇറുക്കിയടച്ച് നിൽക്കവെ ...അവന്റെ  കവിൾ എന്റെ  കവിളിൽ തൊട്ടുരുമ്മി.....അവന്റെ   ചുടുനിശ്വാസം എന്റെ മൂർധാവിൽ ചുംബിച്ചു.....!

ഇല്ലാ.....എനിക്കവനെ വെറുക്കാൻ കഴിയില്ല......അവൻ പറയാറുള്ളത് പോലെ പല സമയം പല ഭാവം.....ശരിയാണ്....ഒരൊറ്റ മനസോടു കൂടി എനിക്കവനെ സ്നേഹിക്കാൻ കഴിയില്ല...കാരണം അവനെന്റെ ജീവിതമാണ്.........!!

എന്നിട്ടും അവനെന്തേ എന്നെ ഇട്ടിട്ടു പോയി...??ഇന്ന് എനിക്ക് അതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു.....അവൻ സ്നേഹിക്കുന്നത് കാറൊഴിഞ്ഞ മേഘങ്ങളെയാണ് .......!പെയ്യുന്ന മഴയും പെയ്തൊഴിഞ്ഞ വാനവും അവനു വെറും നേരം പോക്കുകൾ മാത്രം....!!
Friday, May 15, 2015

ആമുഖം

 ഒരു ചെറിയ ആമുഖം 


                                                                              ഇത് ഞാൻ ആദ്യമേ ചെയ്യേണ്ട ഒന്നായിരുന്നു...ആമുഖമോ അതോ ഈ ബ്ലോഗ്‌ എഴുത്തോ എന്ന് ചിന്തിക്കുന്നുണ്ടാകും നിങ്ങൾ.രണ്ടും.....ഞാനും അജ്ഞ ആയിരുന്നു എനിക്ക് ചുറ്റുമുള്ള ചിലരെ പോലെ ,ഒരിക്കൽ ഞാനും എഴുതിയിരുന്നു എന്ന വസ്തുതയിൽ നിന്ന്.....എഴുതുമായിരുന്നെങ്കിലും അതത്ര കാര്യമായി എടുത്തിരുന്നില്ല ഞാൻ...എന്നെ എഴുത്തിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചത് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചർ മിനി ജോസ് ആണ്...കൂടുതൽ വായിക്കാനും അതിലൂടെ പലതും അറിയാനും തുടർന്ന് എഴുതുന്നത്‌ മെച്ചപ്പെടുത്താനും എന്നെ പ്രേരിപ്പിച്ചത് ടീച്ചർ ആണ്....മെച്ചപ്പെടുത്താൻ ഏറെ ഉണ്ടെന്നിരിക്കെ ...ആ പ്രത്യേക സ്ഥിതി വിശേഷം എന്നിലേക്കും വന്നു ചേർന്നു .....പ്രണയവും വീഞ്ഞും അധികമാകുമ്പോൾ മത്ത്  പിടിക്കുന്ന പോലെ ആ സ്ഥിതിവിശേഷവും എന്നെ ഭ്രാന്തമായി ബാധിച്ചു.....എന്താണെന്ന് നിങ്ങള്ക് മനസിലാക്കാവുന്നതെ ഉള്ളൂ ...അതെ ആ വിശേഷ പൂർവമായ സ്ഥിതി മറ്റൊന്നുമല്ല...അലസത തന്നെ..
                                                                                ഞാൻ മുൻപേ പറഞ്ഞല്ലോ ..2 വര്ഷത്തെ ഇടവേളയെ കുറിച്ച് ..അത്  അലസതയുടെ മാത്രം സൃഷ്ടിയാണ് എന്നാ തിരിച്ചറിവിൽ എന്റെ ചിന്തകളും വീക്ഷണ മനോഭാവവും വീണ്ടും ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു....എപോഴോ ഞാൻ എഴുതിയിരുന്നു എന്നതിന്റെ ഒരു തെളിവാണ് ഈ ബ്ലോഗ്‌ എഴുത്ത്...ഇത് പെട്ടെന്നൊരു ദിവസം എങ്ങനെ പൊട്ടിമുളച്ചു എന്നൊന്നും ആരും ചിന്തിക്കേണ്ടതില്ല...കേട്ടും  കണ്ടും മടുത്ത സ്ഥിരം ചിന്തകളിൽ നിന്നും വ്യതസ്തമായി എനിക്ക് എന്തെങ്കിലും കഴിയും എന്ന  വിശ്വാസം അത് മാത്രമാണ് അന്നും ഇന്നും എന്റെ വിരലുകളെ ചലിപ്പിക്കുന്നത്....ഒപ്പം എഴുതുവാൻ എന്നെ കൂടുതൽ പ്രേരിപ്പിക്കുന്ന ചിലരുടെ വാക്കുകളും...        

Thursday, May 14, 2015

നമ്മുടെ ഭാരതം

ഭാരതത്തിന്റെ മകളും കൽക്കട്ട ന്യൂസും                   

                                                             ഇതു രണ്ടും തമ്മിലെന്തു ബന്ധം ??ഇത് രണ്ടും ഇന്നത്തെ  ഭാരതത്തിന്റെ നിറുകിലെ സിന്ദൂരം മായ്ച്ചതിന്റെ നേർകാഴ്ചകൾ  ആണ് ..സ്ത്രീയുടെ വില ലോകത്തിന്റെ കമ്പോളത്തിൽ എന്തെന്നുള്ളതിന്റെ  തെളിവ് ..ഞാൻ പുരുഷവര്ഗത്തെ വെറുക്കുന്ന ഒരുവൾ അല്ലാ ...
                                                             വിലപിടിപ്പുള്ള എന്തോ ആണ് പെണ്‍കുട്ടികൾ അല്ലെ..അതുകൊണ്ടാകാം ജനിക്കുമ്പോൾ മുതൽ അവള്ക്ക് പ്രത്യേക പരിഗണന ..ബാല്യത്തിലെ  കാര്യങ്ങളിലെക്കൊന്നും എനിക്ക് പോകാൻ താല്പര്യമില്ല...കാരണം അപ്പോൾ ഞാനും കുട്ടിയായിരുന്നു...ആഹാ തമാശ പറയുകയല്ല...അപ്പോൾ ഞാനും ചുറ്റുമുള്ള ഭംഗിയുള്ള പലതിന്റെയും പുറകെ ആയിരുന്നു...അപോഴും ഇതെല്ലം നമുക്ക് ചുറ്റും നടന്നിരിക്കണം...ഞാൻ അറിഞ്ഞിരുന്നില്ല..ചേട്ടനും അനിയനും എല്ലാം നൽകുമ്പോൾ എനിക്ക് മാത്രം തന്നില്ല എന്ന  പരാതി പറയാനുമില്ല...അപ്പോൾ ഈ   പരിഗണന പ്രാബല്യത്തിൽ ഉണ്ടായിരിക്കില്ല...അല്ലെ..ഈ വക കാര്യങ്ങളിൽ അവള്ക്ക് ചിലപ്പോൾ അവസാനത്തെ സ്ഥാനമാകും..എന്തെങ്കിലുമാകട്ടെ...എന്റെ ചുറ്റും ഇതെല്ലാം  നടക്കുമ്പോൾ ഞാൻ ഇവയെക്കുറിച് തീര്ത്തും അജ്ഞയായിരുന്നു...ബാല്യത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും ഇന്നത്തെ എന്റെ പ്രഭാതങ്ങളിൽ ഞാൻ കടന്നു പോകുന്ന ചില വാർത്തകൾ എന്നെ നടുക്കം കൊള്ളിക്കുന്നു...പിഞ്ചു പൈതലിനെ പോലും വെറുതെ വിടാത്ത കാമ കണ്ണുകൾ...എന്തിനധികം, സ്വന്തം മകളെ പോലും തിരിച്ചറിയാനാകാത്ത നികൃഷ്ട ജന്മങ്ങൾ...ഓ...ഞാൻ അതിര് കടക്കുന്നുവോ..??പറഞ്ഞു വന്നത് ഇതൊന്നുമല്ല...പക്ഷെ പറഞ്ഞു പോകുന്നു............അതെ...വിലപിടിപ്പുള്ള എന്തോ ആണ് പെണ്‍കുട്ടികൾ ..അതിനാൽ അമ്മമാർക്ക് അവരെ പുറത്തേക്ക പറഞ്ഞയക്കുമ്പോൾ നെഞ്ഞിടിപ്പ്‌ കൂടുതലാണ്....പക്ഷെ മുന്പ് പറഞ്ഞ പ്രത്യേക പരിഗണന ഓടിച്ചാടി എത്തുന്നത് വിവാഹത്തിന്റെ സമയത്താണ്...21 വയസായ ചേട്ടനെയല്ല ആദ്യം കെട്ടിയിടുക.,മറിച്ച് 18 വയസ്സുള്ള അനിയത്തിയെയാണ് ...പെണ്‍കുട്ടികളെ പെട്ടെന്ൻ പടിയിറക്കി വിട്ടാൽ അതൊരു സമാധാനമാണ് മുതിർന്നവർക്ക് .ഇതൊക്കെ കേട്ട് ദയവു ചെയ്ത് ആര്ക്കും എന്നോട് ദേഷ്യം തോന്നരുത്...ഞാൻ ഒന്ന് പറഞ്ഞോട്ടെ...കേട്ട് മടുത്ത അല്ലെങ്കിൽ കണ്ടു മടുത്ത ഫെമിനിസ്റ്റ് ചിന്തകളുടെ ഭാണ്ടമല്ല ഞാൻ.സ്വന്തമായി എന്തെങ്കിലും ചെയ്തു ലോകത്തെ തെല്ലും ഭയമില്ലാതെ നേരിടാൻ മറ്റെല്ലാവരെയും പോലെ പെണ്‍കുട്ടികൾക്കും അവകാശമുണ്ട്...അങ്ങനെയാണ് അവൾ ഈ ലോകത്തെ അറിയുക..ഈ ലോകത്തിലെ കാപട്യത്തെ  തിരിച്ചറിയുക..ഇതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ ലോകത്തിനു മനസിലാക്കി കൊടുക്കുവാൻ മറ്റാരെയും പോലെ എനിക്കും കഴിയില്ല.
                                                               വിവാഹത്തിലൂടെ ചതിക്കുഴിയിൽ അകപ്പെടുന്ന അനാഥയായ ഒരുവളാണ് കൽക്കട്ട ന്യൂസ്‌ നായിക.അവളോടൊപ്പം സഞ്ചരിക്കുമ്പോൾ നമുക്ക് കാണാം സാംസ്കാരിക ഭാരതത്തിന്റെ തിളയ്ക്കുന്ന ചോരയിലെ അണുക്കളെ..സ്ത്രീയെ വില്പന ചരക്കാക്കി മാറ്റിയ ചുവന്ന തെരുവുകൾ ഏതൊരു ഭാരതീയന്റെയും തല ലോകത്തിനു മുൻപിൽ ഉയർത്താൻ അനുവദിക്കുന്നില്ല...മാർക്കറ്റിൽ സാധനങ്ങൾക്ക്  വില പേശുന്ന  പോലെയാണ് അവിടെ സ്ത്രീയുടെ ശരീരത്തിന് വില പറയുന്നത്..വെറും മാംസമാണോ അവർ??അല്ലാ..വികാരവും വിചാരവുമുള്ള മനുഷ്യർ തന്നെ.നമ്മുടെ നാടിനെ കലങ്കപെടുതുന്ന ഇത്തരം തെരുവുകൾ ഉന്മൂലനം ചെയ്യാൻ ഇന്നേവരെ ആര്ക്കും കഴിഞ്ഞിട്ടില്ലാ..മാറുന്ന ചിന്തകൾ ..മാറുന്ന നിയമങ്ങൾ ..ഭാരതത്തിന്റെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുമ്പോൾ അധപതിച്ച ചിന്തകൾ ഇന്നും കൂട് വിട്ടൊഴിയുന്നില്ല..'പെണ്കുടികൾ രാത്രിസമയങ്ങളിൽ പുറത്തേക്ക് ഇറങ്ങരുതു ..ഇറങ്ങിയാൽ ഇങ്ങനൊക്കെ സംഭവിക്കും'..ലോകത്തിന്റെ  മുൻപിൽ നമ്മെ വിവശരാക്കിയ ഡൽഹി സംഭവത്തിലെ പ്രതിയുടെ വിടുവായ്തരങ്ങൾ ഇടുങ്ങിയ ചിന്തകളുടെ നേർ രൂപമാണ്...ഹേയ് ..ആദ്യം നിങ്ങൾ അമ്മയെയും സഹോദരിയും തിരിച്ചറിയാൻ പഠിക്കൂ..അവരെ ബഹുമാനിക്കാൻ പഠിക്കൂ...എന്നിട്ട് മതി ഞങ്ങൾ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാൻ.....അത് അറിയില്ലെങ്കിൽ ഇരുംബഴികൾക്കുള്ളിലെക്ക് പോകൂ ..ഒന്നുകിൽ തൂക്കുകയർ കഴുത്തിൽ അണിയാൻ ...അല്ലെങ്കിൽ തലച്ചോറിൽ കൂടി കിടക്കുന്ന ഭ്രാന്തിനെ ഇല്ലാതാക്കാൻ..

ആദ്യത്തെ കുത്തി കുറിപ്പ്

              എന്റെ കണ്ണും കാഴ്ചകളും....

                     

ജനലഴികളിലൂടെ പുറത്തേക്ക്  നോക്കുമ്പോൾ ഏകാന്തത എന്തെന്നറിയാൻ സാധിക്കുമോ ?ഇല്ലെന്ന് തോന്നുന്നു .നഷ്ടപ്പെട്ടതിന്റെ ഓർമകൾ മനസ്സിനെ വേട്ടയാടുമ്പോൾ  പുറത്തു നിന്നുള്ളതെല്ലാം എന്നെ നോക്കി കളിയാക്കുന്നു ...........ഞാൻ ചെയ്തതെല്ലാം ശരിയായിരുന്നില്ല ....എങ്കിലും അവസാനതെതെങ്കിൽ പോലും ഒരു അവസരം എനിക്ക് നൽകാമായിരുന്നു ....എന്റെതെണ്ണ്‍ തോന്നിയപോൾ ഞാൻ കൂടുതൽ സ്വാതന്ത്ര്യം എടുത്തു.....എന്നെ അവഗണിച്ചപ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു..?????എന്റെ ഏറ്റവും നല്ല സുഹൃത്ത് ഇപ്പോൾ എന്നെ അരിയില്ലെന്ന് പറയുന്നു.....ഞാൻ എന്ത് ചെയ്താൽ ആ കണ്ണുകളിലേക്ക് എനിക്ക് പോയിവരാനാകും ???നിന്റെ കണ്ണുകളിൽ ഒരു നിമിഷത്തേക്കെങ്കിലും തങ്ങി നില്ക്കുവാൻ ഞാൻ ഇനി എന്ത് ചെയ്യണം?????
                                                                                   ആഹാ .......ഇതെന്തനവോ എന്ന് ചിന്തിച്ചോ .....പറയാം...എന്റെ ആ സുഹൃത്ത് ഞാൻ തന്നെ.എന്നെ മറന്നത് ഞാൻ തന്നെ.എന്നെ അവഗണിച്ചതും ഞാൻ തന്നെ...പക്ഷെ കണ്ണുകൾ ഇരുക്കിയടക്കുമ്പോൾ ഞാൻ എന്നിൽ നിന്നും അകറ്റിയ  എന്റെ ആത്മാവ് എന്നെ നോക്കി പുഞ്ചിരിക്കുന്നു...ഇനി ഞാൻ എന്ത് ചെയ്യണം..?????