Monday, May 18, 2015

അകം പുറം


                                                                                                                                          അയാൾ അക്ഷമനായി കാത്തുനിന്നു........."കാണുന്നില്ലല്ലോ....വന്നിട്ടിപോൾ അരമണിക്കൂറിൽ ഏറെയായി..."ഇന്നിനി വന്നില്ലെങ്കിലോ എന്ന ചിന്തയിൽ അയാൾ  പോകാൻ തുടങ്ങി.........

അപ്പോഴാണ്‌ അയാൾ കണ്ടത്.....ചക്രവാളത്തിൽ മറയുന്ന സൂര്യനെ നോക്കികൊണ്ട് വികാരമേതുമില്ലാത്ത നിറവയറുമായി നടന്നു വരുന്ന അവളെ.....!

പതിവുപോലെ അവളുടെ കൂടെ ഇന്നും ആ യുവതി ഉണ്ടായിരുന്നു...

ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളുടെ വീർത്ത വയർ സ്വതന്ത്രമാകുമെന്ന് അയാള് ഊഹിച്ചു......

സത്യത്തിൽ അയാൾ ഈയിടെയായി ബീച്ചിൽ വരുന്നതൊരു പതിവാക്കിയത് ആ പെണ്‍കുട്ടിയെ കാണാൻ വേണ്ടി മാത്രമായിരുന്നു.....രണ്ടാഴ്ച....ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അയാളെ അവളിലേക്ക്  വലിച്ചടുപ്പിച്ചത് ആ മുഖത്ത് കളിയാടിയിരുന്ന നിർവികാരതയായിരുന്നു ...!

അയാളിലെ വിഷയം തേടിയലയുന്ന കഥാകൃത്തിനു അവളൊരു കച്ചിതുരുംബായിരുന്നു ....അയാളുടെ മനസ്സിൽ ദിവസങ്ങളായി അവൾ കയറി കൂടിയിട്ട് ......

അബലയായ, ചഞ്ചല ചിത്തയായ ഒരു പെണ്ണ്......അതായിരുന്നു അവളിലൂടെ അയാൾ സ്വന്തമാക്കിയ നായികാ കഥാപാത്രം....അവളുടെ സീമന്തരേഖ ശൂന്യമായിരുന്നു....!

അയാൾക്കത് മതിയായിരുന്നു.....ദിവസങ്ങളായി അടച്ചിട്ട മുറിയിൽ ഇരുന്നു ചിന്തകളെ ചൂടുപിടിപ്പിക്കാൻ ശ്രമിച്ച് അവശനായപ്പോഴാണ് അയാൾ ചലിക്കുന്ന ജീവിതങ്ങളുടെ ദൈന്യത തേടി ഇറങ്ങിയത്‌...!

ആ വേളയിലാണ് അവൾ കണ്മുൻപിൽ വന്നുപെട്ടത്...മറിച്ചൊന്നും ചിന്തിക്കാതെ അയാൾ എഴുതിത്തുടങ്ങി......കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവളൊരു കുഞ്ഞിനു ജന്മം നല്കുമെന്ന മുഖവുരയോടെ....!

അവളുടെ നിർവികാരമായ കണ്ണുകൾക്ക്‌ പിറകിൽ മറഞ്ഞിരിക്കുന്ന കഥയുടെ ചുരുളഴിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു....പല സാധ്യതകൾ ഉണ്ടെന്നിരിക്കെ ആരാലോ വഞ്ചിക്കപ്പെട്ട ഒരു പെണ്‍കിടാവിന്റെ വിലാപം അയാൾ  കഥാതന്തുവാക്കി .....

അവളുടെ മനസ് സഞ്ചരിച്ച വഴികൾ അയാൾക്ക്‌  മനപ്പാഠം ആയിരുന്നു.....!തുറന്നുള്ള ഒരു എഴുത്തിന്  അയാൾ മടിച്ചില്ല....ദിവസങ്ങൾ കടന്നു പോകവേ അയാളുടെ വാക്കുകൾ കൂടുതൽ ശക്തിയാർജിച്ചു ......

"പുറത്തേക്കു കണ്ണും നട്ട് അവൾ ആ പാൽക്കുടം തന്റെ കുഞ്ഞിന്റെ ചുണ്ടിനോട് ചേർത്തുവച്ചു .....തന്റെ ലോകം തന്നിലേക്ക് ഇഴുകിചേരുന്നത് അവൾ അറിഞ്ഞു......!ഒരു ചെറു പുഞ്ചിരിയോടെ അവൾ അതിനെ സ്വീകരിച്ചു...!"അയാൾ  എഴുതി നിർത്തി ..!!

അപ്പോൾ  അയാളുടെ നായിക അവളുടെ കുഞ്ഞിന്റെ വിശപ്പടക്കിയ ശേഷം ആ ജീവനെ അതിന്റെ അവകാശികൾക്ക് കൈമാറുകയായിരുന്നു....!പകരം അവൾക്കു ലഭിച്ചതോ  9 മാസത്തേക്കുള്ള വാടകയും ...!

ഇനിയവൽക്കു വേണ്ടത് ഒരു ഇടവേളയാണ്....അടുത്ത ജീവനെ പേറാൻ അവളുടെ ശരീരത്തെ, അവളുടെ ഗർഭപാത്രത്തെ സജ്ജമാക്കാനുള്ള ഒരു ഇടവേള....!!


                                                 
2 comments:

  1. വാടക ഗർഭം....നല്ല കഥ. ആനുകാലിക സംഭവങ്ങളുമായി ഇഴ ചേർന്ന് നിൽക്കുന്നു...
    എല്ലാ വിധ ആശംസകളും അറിയിക്കുന്നു....

    ReplyDelete
  2. നല്ല വ്യത്യസ്തയുണ്ട് എഴുത്തില്‍...
    കഥ ഇഷ്ടപ്പെട്ടു.

    ReplyDelete