Tuesday, March 8, 2016

കല്യാണ പത്രിക

അവനയച്ച കല്യാണ പത്രികയിലേക്ക് അവൾ ഒന്ന് പാളിനോക്കി...കുറച്ചു നേരം നിശ്ചലയായിരുന്നു..പിന്നീടെപ്പോഴോ വിറയാർന്ന കൈവിരലുകൾ ആ പത്രികയിൽ ഉടക്കി..അത് തുറക്കവേ അവളുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ അടർന്നു വീണു..സജിൻ വെഡ്സ് അമയ..! 

പക്ഷേ അവളുടെ കണ്ണിൽ തെളിഞ്ഞത് മറ്റു ചില ചിത്രങ്ങളായിരുന്നു.......

"അമ്മ സമ്മതിക്കില്ല..നിനക്കറിയാലോ...ഒരു ക്രിസ്ത്യൻ പെണ്കുട്ടിയെ മാത്രേ  എനിക്കെന്റെ വധുവാക്കാൻ കഴിയൂ....ഇതിപ്പോ നീ.."

"ഇതൊക്കെ മുന്പും.........."  പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല..

അവർ  തമ്മിലുള്ള നിശബ്ദതയുടെ അകലം ഏറിയപ്പോൾ അവർ  നടന്നകന്നു...

പിന്നീടെപ്പോഴോ കേട്ടറിഞ്ഞു...നഗരത്തിലെ ഏതോ കോടീശ്വരന്റെ മകളുമായുള്ള പ്രണയം..!വിരസമായ ഏതോ സംഭാഷണത്തിനിടയിൽ അവൻ തന്നെ  പറഞ്ഞതാണ്......അപ്പോഴും ഹിന്ദുവായ ആ പെണ്കുട്ടിയും അവളും തമ്മിൽ അവൻ കണ്ട വ്യത്യാസം അവൾക്ക് മനസിലായില്ല......!

എന്നാലിപ്പോൾ ഈ കല്യാണ പത്രിക കാണുമ്പോൾ അവളിൽ ആ സംശയം തീർത്തും ഇല്ലായിരുന്നു..

ഏതാനും ദിവസം മുൻപു വന്ന വിവാഹാലോചന അവർ  വേണ്ടെന്നു വച്ചതും സ്ത്രീധനത്തിന്റെ പേരിൽ ആണെന്ന് അവൾ ഓർത്തു ....!Tuesday, February 16, 2016

അമ്മയ്ക്ക്...

നിന്റെ ഉദരത്തിൽ വച്ചെന്റെ മരണക്കുറി 
എന്റെയുടലോട് ചേർത്ത് വച്ചു നീ..
നിന്റെ വെളിച്ചത്തിൽ എന്റെ കണ്ണുകൾ 
ഇരുട്ടിൽ ആണ്ടു പോയി..

കൂരിരുട്ടിലും ഞാൻ കണ്ടു 
നീർ വറ്റിയ നിന്നെ..!
നീയെന്നെ കണ്ടില്ലെങ്കിലും..!
ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചു..

കൈകാലിട്ടടിച്ച്..,ഉയർന്നു പൊങ്ങി..
നീ കേട്ട ഭാവം നടിച്ചില്ല..!
ഒഴുക്കിൽപ്പെട്ട് ഒലിച്ചു പോകവേ 
ചുവന്ന കുപ്പായം നീയെനിക്കു തന്നു..!


Monday, February 15, 2016

അവൾ                                                          എരിഞ്ഞു  പുകഞ്ഞു കരിയുന്ന ചിമ്മിനിവിളക്കിന്റെ മുഖമാണ് അവൾക്ക്...... അവളെരിഞ്ഞു കിട്ടുന്ന കരിയാണ് മറ്റുള്ളവർക്ക് അന്നം..

സ്വയം നീതി പുലർത്തിയിട്ടില്ല നാളിതു വരെ..മനസ്സിനോടോ..ശരീത്തോടോ ..

അവളുടെ ഐഡന്റിറ്റി എന്നത് ഓരോ മാസവും മൂന്ന് പ്രോഗ്രസ്സ് കാർഡുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടാൻ മാത്രമുള്ളതായിരുന്നു......!

കിടപ്പറയിൽ വിലയിടിഞ്ഞിട്ട്‌  നാളേറെ ആയിരുന്നു..!ചോദിയ്ക്കാൻ മിനക്കെട്ടിട്ടില്ല..എങ്കിലും എപ്പോഴൊക്കെയോ അവൾ എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു..

"നിനക്കെന്താ  ഇവിടെ ഒരു കുറവ്..?!!"

"എന്റെ തിരക്കുകൾ നിനക്കറിയാല്ലോ.."

അവളുടെ നോട്ടത്തിന്റെ മുന തന്റെ നേർക്ക്‌ നീളുന്നതിനു മുൻപേ അയാൾ മുൻ‌കൂർ ജാമ്യം എടുക്കാറുള്ളത് ഇങ്ങനെ..!

പരാതി ഉണ്ടായിരുന്നില്ല..ഒന്നിലും..!

എല്ലാറ്റിനും ഇടയിൽ ജീവൻ പേറിയ തോണി കരക്കടുക്കവേ, താലിച്ചരട് പൊട്ടിച്ചെടുത്ത് ക്രൂരമായി അട്ടഹസിച്ച വിധിയോടും അവൾ തനിയെ  പൊരുതി നിന്നു.

സ്വന്തം ഉടുതുണി നാറി അഴുകുമ്പോഴും,പശിയടക്കാത്ത ഒട്ടിയ വയറിൽ അവ അയഞ്ഞപ്പോഴും.. അവൾ വേവലാതിപ്പെട്ടില്ല..കാരണം..മൂന്നു പാത്രത്തിലായി പങ്കു വയ്ക്കാനുള്ള ചോറ് ഇരിപ്പുണ്ട്..!

ഏറ്റവുമൊടുവിൽ പ്രാണൻ പറന്നകന്നു കടല് കടക്കവേ കണ്ണ് നിറഞ്ഞ് ചിരിച്ചു..

"മക്കളെല്ലാം നല്ല നിലയിലായില്ലേ...ഇനീപ്പോ വേറെ ന്താ വേണ്ടേ..!സമാധാനിക്കാലോ.."

ലോകം പറഞ്ഞത് കേട്ട്പതിയെ നെടുവീർപ്പിട്ടു ..!

ഏറ്റവുമൊടുവിൽ കണക്കുകളൊന്നും ബാക്കി വയ്ക്കാതെ മുറ്റത്തെ മാവിൻചോട്ടിൽ കുഴഞ്ഞു വീണപ്പോൾ അവൾ മണ്ണിനു വിഴുപ്പുഭാണ്ഡം ആയി...

ഏറുന്ന സമയത്തെ കണക്കിലെടുത്ത് ലാപ്ടോപിലെ സ്ക്രീനിലൂടെ ഓൺലൈൻ ആയി അവളുടെ  അന്തിമ സംസ്ക്കാരം നടന്നു..!


Sunday, February 14, 2016

ഞാനും നീയും

നടന്നുതീര്ത വഴിയിലും 
പറഞ്ഞു തീര്ന്ന വാക്കുകളിലും 
നമ്മളില്ല..ഞാനും നീയും മാത്രം..!

Tuesday, January 12, 2016

യാത്ര

എന്നും ഞാൻ യാത്ര  ചോദിക്കാറുണ്ട്..
ഇന്നും ചോദിക്കുന്നു..!
മടങ്ങിവരുവാൻ ഇനിയെനിക്കു 
കഴിയില്ല..!

കാരണം...ചിന്തകൾക്കതീതമായ 
എന്റെ മനോചിത്രങ്ങളാണ്,  
ഇന്ന് വിട വാങ്ങുന്നത്...!
എന്നന്നേക്കുമായി..!

സതി!


അജ്ഞാതകാവ്യമെഴുതുന്ന 
തൂലികയിൽ നിന്നടര്ന്നു മാറി 
നിൻ വിരൽതുമ്പിൽ എത്തണം..

നിയതിക്കുമതീതമായ പ്രണയകാവ്യമായ് 
നിൻ ചിതയിൽ ഒടുങ്ങാൻ..!
നിന്റെ സതിയായ്..!


                                                   

Monday, January 11, 2016

കൃഷ്ണദാസി


എന്റെ ചിലങ്കകൾ എന്തേ താളം താളം തെറ്റിച്ചു 
കിതയ്ക്കുന്നു ..!!
ചുവടുകൾ പിഴച്ചുവോ..?

പൊട്ടിച്ചിരിക്കുന്ന കൈവളകളിന്നു 
മൌനമായി കേഴുന്നു..
ഹേ ..നാഥാ ..എന്നോടിന്നു പരിഭവമോ..!?

ഞാൻ നിന്റെ പാതിയല്ലേ...
എന്റെ ശ്വാസം പോലും നിന്നിലല്ലേ..
പിന്നെന്തേ നിനക്കിന്നു മൌനം..?

എന്നിലുലയുന്ന പട്ടു ചേലയും
എന്റെ നിറുകിലെ സിന്ദൂരവും..
എല്ലാറ്റിലും നിന്റെ നാമമല്ലേ...!

പിന്നെയുമെന്നോടെന്തിനു നീ...
ഞാൻ നിന്റെ ദാസിയല്ലേ...
നിന്റെ നാമത്തിലാടുന്ന നിന്റെ ദാസി..! 

Sunday, January 10, 2016

ഒരു വിശ്വാസം!!


മരിച്ചവരൊക്കെ കാക്കകളായി പുനർജനിക്കുമത്രെ !
ശരിയാണോ?
ആവോ..അറിയില്ല..

ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് 
ബലി ചോറ് കഴിക്കാൻ വരുന്ന,
കാക്കകൾക്കിടയിൽ ഉണ്ടാകുമത്രേ അവർ!

ചിലർ പറയാറുണ്ട്..
ആകാശത്ത് കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ നോക്കാൻ..
അതിലുണ്ടാകുമത്രേ  നമ്മെ വിട്ടു പോയവർ!

ഞാനുരുട്ടിവച്ച ബലി ചോറ് കഴിക്കുന്ന കാക്കകളെയും,
എന്നെ നോക്കി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെയും,
ഞാൻ നോക്കി നിൽക്കാറുണ്ട്..

എന്നെങ്കിലും ഞാൻ തിരയുന്ന ആളിന്റെ
കണ്ണിൽ  ഞാൻ പെട്ടാലോ..!

Saturday, January 9, 2016

ഓര്‍മകളേ...നിങ്ങള്‍ക്കു വിട!

മറവിയിലേക്ക് ഒടുങ്ങാത്ത ഓർമകളെ,
നിങ്ങൾക്കു  വിട !
നിങ്ങളെയീ നിമിഷം ചുട്ടെരിക്കുന്നു ഞാൻ!

കാരണം..നിങ്ങളെനിക്ക് വേദനയാണ്,
നീറ്റിപുകയ്ക്കുന്ന വേദന, 
ഞാനതിൽ നൊന്തു പിടഞ്ഞതാണ് !

നീറി എരിഞ്ഞ് 
എന്റെ പ്രാണൻ ഒടുങ്ങും മുൻപേ 
നിങ്ങൾക്കു  ഞാൻ ബലിയർപ്പിക്കും !